Monday, February 19, 2007

കാലം ബാല്യം

ഗോളാന്തരം
ഭൂമി ഉരുണ്ടതാണെന്നു
വിശ്വസിക്കാനായിരുന്നു ഏറെ പ്രയാസം;
അച്ചടിച്ച പുസ്തകത്തിലും
സയന്‍സ് സാറിന്റെ കനത്ത ശബ്ദത്തിലും
ഭൂമി ഉരുണ്ടു തന്നെ കാണപെട്ടു.
പകലവെളിച്ചത്തില്‍ കാണുന്നയീ
സത്യത്തിനുമപ്പുറം
‘ഉരുണ്ട’ ആ ലോജിക്കു മനസ്സിലാക്കുവാന്‍
ഉറക്കമില്ലാത്ത രാത്രികളില്‍
സീമയില്ലാത്ത പ്രപഞ്ചത്തിലേക്കു നടന്നു
അകലങ്ങളില്‍ നിന്നും ഭുമിയെ കാണുവാന്‍.
കടം
എന്തായിരുന്നു നിന്റെ ബല്യം?
വളപ്പൊട്ടുകള്‍,കുന്നിക്കുരു,മഞ്ചാടിമണികള്‍,
മയില്‍പ്പീലി, കളിപ്പാട്ടങ്ങള്‍,
കിങ്ങിണിയുടുപ്പ്,ഉണ്ണിയപ്പം,പാല്‍പ്പായസം......
എത്രവര്‍ണ്ണങ്ങളായിരുന്നു.......അല്ലേ..?
അന്നത്തെ എന്നപലെ ഇന്നും ഞാനോര്‍ക്കുന്നു.
മീശയ്ക്കു കനം വച്ചുതുടങ്ങിയ ഒരുദിനം
കുറേ കുപ്പിവളകള്‍ വാങ്ങി തല്ലിയുടച്ച്
തലയിണക്കടിയില്‍ വച്ചുകിടന്നുറങ്ങി-
ഞാനെന്റെ നഷ്ട ബാല്യത്തിന്റെ കടം വീട്ടി.